Saturday, December 1, 2018

പ്രതിച്ഛായ...


ഇന്ന് ഞാനവളെ കണ്ടു 
മാടിയൊതുക്കാത്ത മുടിയും 
കുഴിയിലാണ്ട കണ്ണും 
ചിരി വറ്റിയ ചുണ്ടുമായി 
അവൾ ഞാനല്ലേ 
എൻ്റെ പ്രതിച്ഛായ തന്നെയല്ലേ...

അന്ന് ആ ദിനം 
നവവധുവായ് അണിഞ്ഞൊരുങ്ങി 
ആലിലത്താലി ചാർത്തി 
സീമന്തരേഖയിൽ സിന്ദൂരം ചാർത്തി 
അവന്റെ കയ്യും പിടിച്ചവൾ  
സുമംഗലി ആയി....

അന്ന് ആ ദിനം 
പേറ്റ്  നോവറിഞ്ഞവൾ അമ്മയായി 
സ്വപ്നം കണ്ട കണ്മണി 
അവളുടെ സ്വന്തമായി 
അവളിലെ പെണ്ണ് പൂർണ്ണമായി
ഭാര്യയുടെയും അമ്മയുടെയും 
ഭാഗം ഭംഗിയായി ചെയ്തവൾ മുന്നേറി 
അവളിലെ യൗവനം 
കൊഴിഞ്ഞ് വർദ്ധക്യമേകി....

ഇന്ന് ഈ ദിനം 

കണ്മണിയേകിയ മുറിവും പേറി  
വൃദ്ധസദനത്തിന്റെ ഈ മുറിയിൽ 
ഇരിക്കുമ്പോൾ അവൾക്ക് ചുറ്റും 
അമ്മിണിയമ്മ മാധവിയമ്മ 
മീനാക്ഷിയമ്മ തുടങ്ങി നിരവധി 
അമ്മമാർ കൂട്ടിനുണ്ട് 
ഗോപാലേട്ടൻ പറഞ്ഞത് പോലെ 
ഞാനില്ലെങ്കിലും നീ തനിച്ചാവില്ല 
എന്റെ ഗോമതി!!!!!!!!!!!!!!!!!!!!!!!!!

അവൾ ഞാനല്ലേ 
എൻ്റെ പ്രതിച്ഛായ തന്നെയല്ലേ........

Sunday, November 25, 2018

സ്വാമി ശരണം 🙏


പൊന്നും പതിനെട്ടാം പടി കയറി 
അയ്യാ നിന്നെ കാണുമ്പോൾ 
ഈ ജന്മം സഫലമായതായി തോന്നും 
ആ തിരുമുന്നിൽ അണയുമ്പോൾ 
ഒരു കുഞ്ഞായി മാറും ഞാൻ 
മായാത്ത ചിരിയോടെ വന്നെന്നെ നീ 
പുല്കുമ്പോൾ ഒരു ജ്യേഷ്ഠ സ്നേഹം 
അറിയുന്നു ഞാനെൻ അയ്യാ 
ആ പാദാരവിന്ദത്തിലർപ്പിക്കും 
ഒരു പൂവായ് ഞാൻ മാറിയെങ്കിൽ 
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ...

അയ്യാ നിൻ മൂന്നിൽ 
കൈകൂപ്പി നിൽക്കുമ്പോൾ 
ഈ ജന്മം പോരെന്ന് തോന്നും 
നിന്നെ തൊഴാൻ ഒരു പാട് 
ജന്മങ്ങൾ വേണമെന്ന് തോന്നും 
തൊഴുതാലും തൊഴുതാലും 
മതിയാവില്ലല്ലോ അയ്യാ 
നിൻ ഒളി കണ്ടാൽ 
ആ ജപമാലയിലെ ഒരു മുത്തായി 
ഞാൻ മാറിയെങ്കിൽ 
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ...

അയ്യാ നിൻ മുഖം കണ്ട് മനം 
നിറയുമ്പോൾ ദുഃഖങ്ങൾ 
ചൊല്ലാൻ ഞാൻ മറന്നു പോകും 
ശരണമന്ത്രങ്ങൾ കേട്ടെൻ കാത് 
കുളിർക്കുമ്പോൾ കളഭാഭിഷേകം 
ചാർത്തിയ നിൻ മലർമേനി കണ്ട് 
തൊഴണ മെന്ന ആഗ്രഹം മാത്രം
ആ തിരുസന്നിധിയിൽ തെളിയും 
ഒരു താരകമായ് ഞാൻ മാറിയെങ്കിൽ 
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ...

ഹരിവരാസനം കേട്ട് നീ മയങ്ങുമ്പോൾ 
അയ്യാ നിന്നെ ഉണർത്തും ഉണർത്തു 
പാട്ടായി ഞാൻ മാറിയെങ്കിൽ 
മനസ്സിനെ കല്ലാക്കി യാത്രാമൊഴി 
ചെല്ലുമ്പോൾ അയ്യാ നീ കൂടെ 
ഉണ്ടെന്ന ആശ്വാസം മാത്രം 
വീണ്ടും അയ്യാ നിന്നെ 
കാണണമെന്ന മോഹം മാത്രം
സ്വാമിയേ അയ്യപ്പോ അയ്യപ്പോ സ്വാമിയേ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ....

Friday, November 2, 2018

സുവർണ്ണ നിമിഷം💑



   ഓർക്കാൻ ഓമനിയ്ക്കാൻ 
   ഒരു നിമിഷം 
   പീലിത്തുണ്ടായ്‌ മനസ്സിൽ 
   നിറയുന്ന ആ നിമിഷം 
   നീയെൻ ചാരേ അണയുന്ന 
   ശുഭ മുഹൂർത്തം...

   കാത്തിരിപ്പിന്റെ ഈണമായ് 
   പ്രിയതരമൊരു പാട്ടായ് 
   നീയെൻ തന്ത്രികളെ 
  തഴുകുന്ന ധന്യ മുഹൂർത്തം 
  പെയ്യാൻ വിതുമ്പുന്ന വർഷമേഘമായ് 
  മഴയെ പ്രണയിക്കുന്ന വേഴാമ്പലായ് 
  നീയെന്നിൽ പെയ്തിറങ്ങുന്ന 
  സുവർണ്ണ നിമിഷം....
  
   നിറയാൻ മോഹിയ്ക്കുന്ന പുഴയായ് 
   തുളുമ്പാൻ കൊതിയ്ക്കുന്ന നിറകുടമായ് 
   നീയെന്നിൽ നിറയുന്ന അസുലഭ നിമിഷം 
   കാണാതെ പോയൊരു സുന്ദര സ്വപ്നമായ് 
   നീയെന്നിൽ നിന്നും അകന്നു പോകുന്ന 
   സാന്ദ്ര നിമിഷം....

Friday, October 19, 2018

അക്ഷരം....


'അമ്മ തൻ നാവിൽ 
നിന്നുതിർന്നു വീണ 
സ്നേഹത്തിൻ ആദ്യാക്ഷരം 
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ 
ഇന്നും ഓർത്തിടുന്നു 
അരിയിൽ വരച്ചിട്ട ആദ്യാക്ഷരത്തെ 
സ്നേഹത്തോടെ നമിച്ചീടുന്നു 
അറിവിന്റെ വെളിച്ചം പകർന്നു 
നൽകിയ ഗുരുക്കന്മാർക്ക് പ്രണാമം...

വർണ്ണാക്ഷരങ്ങൾ തെറ്റാതെ 
ഉരുവിട്ട് പഠിപ്പിച്ച ഗുരുവിനെ 
ബഹുമാനത്തോടെ സ്മരിക്കുന്നു
വർണ്ണാക്ഷരങ്ങൾ കൊണ്ട് ഞാൻ 
സ്നേഹത്തിൻ വാക്കുകൾ
വരികളായി മെനഞ്ഞെടുത്തു 
വർണ്ണാക്ഷരങ്ങൾ കൊണ്ട് 
തീർത്ത വാക്കുകളുടെ മായാ
പ്രപഞ്ചത്തിൽ എപ്പോഴൊക്കെയോ 
ഒറ്റപ്പെട്ട് ഞാൻ പകച്ചു നിൽക്കുന്നു 
അമ്പൊഴിഞ്ഞ ആവനാഴിയെ പോൽ 
വാക്കുകൾ ഒഴിഞ്ഞ മനവും 
ചലനമറ്റ തൂലികയുമായ് 
നിൻ സ്നേഹത്തിൻ കരസ്പർശം 
വീണ്ടുമെൻ തൂലികയെ 
തലോടുമെന്ന പ്രതീക്ഷയുമായ്.....

Saturday, October 13, 2018

തൂലിക......



തൂലിക പടവാളാക്കിയായിരുന്നു 
നിന്റെ പോരാട്ടം 
ആ തൂലികയിൽ നിന്നുതിർന്ന 
വർണ്ണാക്ഷരങ്ങളുടെ പ്രഭയിൽ 
നീയൊരു ഉദയ സൂര്യനെപ്പോൽ 
ജ്വലിച്ചു നിന്നു... 

അസ്തമയ സൂര്യനിലും നീയൊരു 
കെടാവിളക്കായ് വെളിച്ചം പകർന്നിരുന്നു 
ആ തൂലികയിൽ അക്ഷരങ്ങളുടെ 
വസന്തം രചിച്ചു നീ ആസ്വാദക 
മനസ്സിൽ ചേക്കേറി 
ദുഃഖമോ വിരഹമോ നിന്റെ 
തൂലികയെ ഉലച്ചതില്ല...

ആ തൂലികയിൽ നീ തീർത്ത 
പ്രണയാർദ്ര കാവ്യങ്ങൾക്ക് 
നൂറഴകായിരുന്നു 
ആ സുന്ദര കാവ്യങ്ങളിലെ 
നായിക ഞാനാണെന്നു 
ഞാൻ വെറുതെ നിനച്ചിരുന്നു...

ആ തൂലികയിൽ നീ രചിച്ച 
മന്ത്രാക്ഷരങ്ങൾ പടർന്നിറങ്ങി 
നീയൊരുക്കിയ സ്വപ്ന സൗധം തച്ചുടച്ചു 
ഒരു മാത്ര മൗനമായി നീ മറയുമ്പോൾ 
അശക്തയായി ആ തൂലിക 
മണ്ണിലടിഞ്ഞു കിടക്കുന്നു 
നീ വീണ്ടും അക്ഷരവസന്തം 
തീർക്കുമെന്ന പ്രതീക്ഷയോടെ..........

Friday, September 14, 2018

എന്‍റെ അമ്മുക്കുട്ടിക്ക് 💕



കിട്ടാതെ കിട്ടിയ മുത്തല്ലേ നീ 
ദൈവം തന്ന നിധിയല്ലേ നീ 
'അമ്മ തൻ താരാട്ട് പാട്ടിൻ ഈണമല്ലേ നീ
അച്ചന്റെ ഹൃദയത്തുടിപ്പിൻ താളമല്ലേ നീ 
ഒരു സ്നേഹമന്ത്രം പോലെ എൻ്റെ 
ജീവനായി മാറിയ പുണ്യമല്ലേ നീ 
ഇരുളാർന്ന എൻ ജീവിതത്തിൽ 
പ്രകാശം ചൊരിഞ്ഞ മുത്തല്ലേ നീ 
നിന്റെ പുഞ്ചിരി അമൃതായി 
എന്നിൽ നിറച്ച സൗഭാഗ്യമല്ലേ നീ 
നൊമ്പരങ്ങൾക്ക് സാന്ത്വനമായി 
എൻ്റെ ജീവനിൽ നിറഞ്ഞ ആനന്ദമല്ലേ നീ...

നിന്റെ പാദസരത്തിൻ ധ്വനി മഴത്തുള്ളി 
കിലുക്കമായി എങ്ങും നിറഞ്ഞു നിൽക്കുന്നു 
നിന്റെ പദനിസ്വനം എപ്പോഴും കേൾക്കാൻ 
കാതോർത്തിരിക്കുന്നീ 'അമ്മ 
നിന്റെ ചിരിമങ്ങാത്ത മുഖം 
എന്നും കാണാൻ കൊതിക്കുന്നീ 'അമ്മ 
നിന്റെ കിളിക്കൊഞ്ചൽ എന്നും 
കേൾക്കാൻ കൊതിക്കുന്നീ 'അമ്മ.....

Wednesday, August 22, 2018

നമുക്ക് ഒന്നിക്കാം അതിജീവനത്തിനായി 👫👫

നമ്മുടെ കൊച്ചു കേരളം ഇന്ന് നേരിടുന്ന പ്രതിസന്ധിഘട്ടത്തിൽ നമുക്കും ഒരു കൈത്താങ്ങാവാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഓൺലൈനായും സംഭാവനകൾ നൽകാവുന്നതാണ്. SOUTH INDIAN BANK, FEDERAL BANK, AIRTEL PAYMENTS BANK, STATE BANK OF INDIA, PAYTM, HDFC BANK ഇവയിൽ നിന്നും പേമെന്റ് ചാർജ് ഇല്ലാതെ സംഭാവനകൾ അയയ്ക്കാൻ കഴിയുന്നതാണ്.

PLEASE SUPPORT OUR GODS OWN COUNTRY TO OVERCOME THE RECENT CALAMITY. DONATE TO CHIEF MINISTER'S DISTRESS RELIEF FUND  ONLINE OR THROUGH SOUTH INDIAN BANK, FEDERAL BANK, AIR TEL PAYMENTS BANK, STATE BANK OF INDIA, PAYTM, HDFC BANK WITHOUT PAYMENT CHARGES....


https://kerala.gov.in/

Friday, July 6, 2018

മധുരനൊമ്പരം....


ഒരു വാക്ക് മിണ്ടാതെ 
മറുവാക്ക് ചൊല്ലാതെ പോയതെന്തേ നീ 
പേമാരിയായി പെയ്തു നീ തോർന്നിട്ടും 
മഴമേഘമായ് സ്മൃതിയിൽ നിറയുന്നതെന്തേ 
മനസ്സിന്റെ താളുകളില്‍ പെയ്തിറങ്ങിയ  
മഴത്തുള്ളികള്‍  നിന്റെ ചിരി പോലെ തന്നെ 
അടര്‍ന്നു വീഴുന്ന മഴമുത്തുകളായ് 
ഇന്നും ഓര്‍മ്മയുടെ അകത്തളത്തളങ്ങളില്‍ 
മായാതെ പെയ്തു നിറയുന്നു ഒരു മധുര നൊമ്പരമായ്...

പോയ വസന്തങ്ങൾ കൊഴിഞ്ഞു പോയിട്ടും 
വീണ്ടും വസന്തമായ്‌ അണയുന്നതെന്തേ നീ 
മഴവില്ലിൻ ചാരുതയോടെ പൊൻകിനാവായ് 
മനതാരിൽ നിയറുന്നതെന്തേ നീ 
ചൊല്ലാൻ കൊതിച്ച വാക്കുകളൊക്കെയും  
മൊഴികളെക്കാൾ മാധുര്യമേറിയ മൗനമായ് 
മനസ്സിൽ നിറഞ്ഞതെന്തേ 
കേൾക്കാൻ കൊതിച്ച പാട്ടിന്റെ പല്ലവി 
പാടാൻ മറന്നതെന്തേ നീ... 

ആകാശം കാണാ മയിൽ‌പ്പീലി പോലെ 
മനസ്സിന്റെ പെട്ടകത്തിൽ ഒളിച്ചതെന്തേ 
മനസ്സിന്റെ താളിൽ കുറിച്ച് വെച്ചൊരാ 
പ്രണയ നൊമ്പരം കാണാതെ പോയതെന്തേ 
ആ പദനിസ്വനം കേൾക്കാൻ കൊതിക്കെ 
ഒരു പാഴ്ക്കിനാവായ് അകന്ന് പോയതെന്തേ നീ........

Friday, June 22, 2018

പെണ്ണ് ⚢

ഇത് ഇന്നത്തെ പെണ്ണല്ല, ഒരു കാലത്ത് പെണ്ണായത് കൊണ്ട് മാത്രം അകത്തളങ്ങളിൽ തളച്ചിട്ടിരുന്ന ഒരു പിടി സ്ത്രീജന്മങ്ങൾ ഉണ്ടായിരുന്നു. പെണ്ണിനെ വെറുപ്പോടെ കാണുന്നവർ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളത് ദുഃഖകരം തന്നെയാണ്.....


ചിരിയ്ക്കാൻ പാടില്ലാന്ന് 
അവൾ പെണ്ണാത്രേ 
നാലാൾ കൂടുന്ന ഉമ്മറത്ത് 
ഇരിയ്ക്കരുതെന്ന് പെണ്ണാത്രേ 
തൊടിയിലെ തുമ്പികളോടും 
പക്ഷികളോടും കുശലം പറയാൻ 
കൊതിയ്ക്കരുതെന്ന് പെണ്ണാത്രേ 
കൂടുതൽ വിദ്യാഭ്യാസം 
വേണ്ടെന്ന് പെണ്ണാത്രേ 
പുറം ലോകം കാണാൻ 
ആഗ്രഹിയ്ക്കരുതെന്ന് പെണ്ണാത്രേ 

മുത്തശ്ശി ചൊല്ലിയ കഥകൾ കേട്ട് 
വളർന്ന അവളുടെ സ്വപ്നങ്ങളിൽ 
ധീര വനിതകളായ ഝാൻസി റാണിയും 
റാണിലക്ഷ്മി ഭായിയുമൊക്കെ നിറഞ്ഞു നിന്നു 
സ്വാതന്ത്രം കൊതിച്ച അവളുടെ 
മനസ്സിനെ അവർ വിലങ്ങു വെച്ചു 
ആചാരാനുഷ്ഠാനങ്ങളെ 
പൊട്ടിച്ചെറിയരുതെന്ന് പെണ്ണാത്രേ 

സമ്മതമില്ലാതെ വയസനുമായി 
വേളി നിശ്ചയിച്ചപ്പോഴും 
പ്രതികരിക്കരുതെന്ന് പെണ്ണാത്രേ 
വേളിയ്ക്ക് തലകുനിക്കുമ്പോഴും 
കണ്ണീർത്തുള്ളികൾ 
പൊടിയരുതെന്ന് പെണ്ണാത്രെ 
ആർത്തിയോടെ  തന്റെ മേൽ 
അയാൾ കാമഭ്രാന്ത് തീർത്തപ്പോഴും 
എതിർക്കരുതെന്ന് പെണ്ണാത്രെ 

വേളി കഴിഞ്ഞ്  പത്താം നാൾ 
വിധവയായപ്പോഴും 
മിണ്ടരുതെന്ന് പെണ്ണാത്രേ 
വെള്ളയുടുപ്പിച്ച് സിന്ദൂരം തൂത്തെറിഞ്ഞ് 
അകത്തളത്തിൽ തളച്ചപ്പോൾ 
ആചാരങ്ങളുടെ നൂലാമാലകളെ 
പൊട്ടിച്ചെറിഞ്ഞ്  അവൾ അലറി വിളിച്ചു 
ഞാൻ പെണ്ണായി പിറന്നത് എൻ്റെ കുറ്റമല്ല

സ്വന്തം ചോരയിൽ പിറന്നത് 
പെണ്ണെന്ന് അറിയുമ്പോൾ 
തെരുവിൽ വലിച്ചെറിയുന്ന 
സമൂഹമേ! നിങ്ങളുടെ കണ്ണുകൾ 
ഇനിയെങ്കിലും തുറക്കട്ടെ..................

Thursday, June 14, 2018

തണൽ മരം....




അച്ഛനെന്ന നന്മകളുടെ തണൽമരത്തിന് താഴെ 
ഞാനെന്നും സംതൃപ്തയായിരുന്നു 
ആ വിരൽ തുമ്പ് പിടിച്ച്‌ പിച്ച വെയ്ക്കുമ്പോഴും 
കാലൊന്നിടറിയാൽ ഓടിയെടുത്ത് 
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുമെന്ന 
വിശ്വാസം തന്നെയാവണം 

ബാല്യത്തിലും കൗമാരത്തിലും 
ആ തണലിൽ അഭിമാനത്തോടെ 
തന്നെ നടന്നിരുന്നത്, അച്ഛന്റെ 
ആ കരുതൽ കൂടെയുണ്ടെന്നുള്ള 
ധൈര്യം തന്നെയാണ് 

യൗവനത്തിൽ ഏത് കൊടുങ്കാറ്റിലും 
ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള 
ഒരു സുരക്ഷാ കവചമായി അച്ഛൻ 
കൂടെയുണ്ടെന്നുള്ള ആത്മധൈര്യമായിരുന്നു 
ഓരോ ചുവടുവെപ്പിലും അച്ഛന്റെ 
ആ സ്നേഹം കൂട്ടായി ഉണ്ടെന്നുള്ള ഉറപ്പ് 
ഒരു നിഴലായി ആ കരുതൽ എപ്പോഴും 
ഒപ്പമുണ്ടെന്നുള്ള വിശ്വാസം 

തൻ്റെ കുടക്കീഴിൽ നിന്ന് മകളെ 
വേദനയോടെ പറിച്ചെടുത്ത് മറ്റൊരു 
കരങ്ങളിലേല്പിക്കുമ്പോൾ 
ആ കണ്ണുകളിൽ കാണുന്നത് ആശ്വാസമല്ല 
പകരം എൻ്റെ കുഞ്ഞ് ആ കൈകളിൽ 
സുരക്ഷിതയാവുമോയെന്ന ആശങ്ക തന്നെയാവാം 
ആ വിശ്വാസം തെറ്റിയെന്നറിഞ്ഞാൽ 
ആരും കാണാതെ നെഞ്ചുരുകി 
കരയുന്ന അച്ഛനെയും കാണാം 

അച്ഛനെന്ന നന്മകളുടെ തണൽ മരം 
ഓരോ പെൺ മക്കൾക്കും 
സ്നേഹത്തിന്റെയും,കരുതലിന്റെയും 
വടവൃഷം തന്നെയാണ്...........

Thursday, April 12, 2018

💖




മനസിന്‍റെ ചെപ്പില്‍
സൂക്ഷിച്ചി ട്ടുണ്ടൊരു കവിത
വാക്കുകളും വരികളുമില്ലാത്തൊരു കവിത
വര്‍ണ്ണങ്ങളും പദങ്ങളുമില്ലാത്തൊരു കവിത
മഴവില്ലിന്‍ ചാരുതയോടെ ഏഴഴകില്‍
തീര്‍ത്തൊരു കവിത

പ്രണയത്തിന്‍ ഇശലായ്
നെഞ്ചില്‍ നിറഞ്ഞൊരു കവിത
പീലിത്തുണ്ട് പോലെ
കാത്ത് വെച്ചോരാ കവിത
ഒടുവില്‍ നീയെത്തുമെങ്കില്‍
ചെവിയില്‍ മൂളാന്‍.................

Monday, February 19, 2018

ഗസല്‍പ്പൂക്കള്‍...



ഗസലിന്‍ ഇശലായ്
നീ അണഞ്ഞ നേരം
അറിയാതെന്നില്‍
വിരിഞ്ഞു മോഹപ്പൂക്കള്‍
ശ്രുതിയായ്‌ ലയമായ് താളമായ്
പെയ്യ്തിറങ്ങിയൊരാ ഗസല്‍മഴ
നിന്‍ ഓര്‍മ്മ തന്‍ വാടാപ്പൂക്കളായ്
അരികില്ലെങ്കിലും ചൂടാതെ
ചൂടുന്ന മധുര പ്രതീക്ഷകളായി

നിനക്കായി തീര്‍ത്ത
ഗസലിന്‍ വരികള്‍
മായാതെ അകക്കണ്ണില്‍
നിറയുന്ന പ്രേമ പ്രതീക്ഷകളായി
നീ എനിക്കായി തീര്‍ത്ത
ഗസല്‍ മഴയില്‍ ഈറനണിഞ്ഞു
ലയിച്ചു ഞാന്‍  നില്‍ക്കവേ
അധരപുടങ്ങളെ  ചുംബിച്ചുണര്‍ത്തി
എന്‍ മുന്നില്‍  മലരായ് നീ വിടര്‍ന്നു .....

Thursday, February 8, 2018

💖




ഏഴാം കടലിനിപ്പുറത്ത് ആയാലും "സുഖമാണോ മോളെന്നുള്ള" അച്ഛന്റെ ആ സ്നേഹാന്യേഷണം മതി എല്ലാ സങ്കടങ്ങളും ഒരു നിമിഷത്തേക്കെങ്കിലും മറക്കാന്‍. ആ വാത്സല്യവും, കരുതലും വേറെ ആരില്‍ നിന്നും കിട്ടില്ല. മറവിയിലേക്കാണ്ട്‌ പോയ ആ മനസ്സില്‍ നിന്ന്, ഇപ്പോ വല്ലപ്പോഴും കേള്‍ക്കുന്ന സ്നേഹത്തോടെയുള്ള അച്ഛന്റെ  ഈ വാക്കുകള്‍ ആനന്ദാമൃതം തന്നെയാണ്.....

വിവാഹം  കഴിയുന്ന വരേയുള്ളൂ പെണ്‍കുട്ടികള്‍ക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം ആസ്വദിക്കാനുള്ള അവസരം. അത് കഴിഞ്ഞാല്‍ വല്ലപ്പോഴും കിട്ടുന്ന ആ സുന്ദര നിമിഷങ്ങള്‍ ആസ്വദിക്കാന്‍ കൊതിക്കാത്ത ആരാണ് ഉള്ളത്. അവരുടെ  മുന്നില്‍ എത്തുമ്പോള്‍ ഞാന്‍ വീണ്ടുമാ കൊഞ്ചി ചിണുങ്ങുന്ന കൊച്ചു കുട്ടി തന്നെയാണ്. ഈ പ്രവാസത്തില്‍ ഇരിക്കുമ്പോഴും ഓരോ നിമിഷവും  മനസ്‌ അവരുടെ അടുത്ത് ഓടിയെത്താന്‍ കൊതിക്കുന്നുവെങ്കില്‍ അത് ആ സ്നേഹവും, വാത്സല്യവും, കരുതലും തന്നെയാണ്. ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ എന്‍റെ അച്ചന്‍റെ മകളായി, ആ സ്നേഹം ആവോളം ആസ്വദിച്ച് ജീവിക്കണം.........

Sunday, January 21, 2018

പ്രതികരണം......




എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് നീയാണ്.ആ തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്‌ ഞാന്‍ നേടിയ ശരിക്ക് ഇരട്ടി മധുരം ആയിരുന്നു.

തോല്‍ക്കാന്‍ എളുപ്പമാണ്. നിന്റെ മുന്നില്‍ തോല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വര്‍ഷങ്ങക്ക്  മുന്നേ ആയിരുന്നെങ്കില്‍ ആ തോല്‍വി ഞാന്‍ സമ്മതിക്കുമായിരുന്നു.ഇന്ന് ജീവിതാനുഭവങ്ങളിലൂടെ ഊതി കാച്ചിയെടുത്ത ഈ ജീവിതം നിന്റെ മുന്നില്‍ അടിയറവ് പറയാനുള്ളതല്ല. തെറ്റ് കണ്ടാല്‍ "നോ" എന്ന് പ്രതികരിക്കാനുള്ള  മനശക്തി ഞാന്‍ ഇന്ന് നേടിയിരിക്കുന്നു. മുഖം മൂടികളുടെ മുന്നില്‍ തോല്‍ക്കാന്‍ എനിക്ക് മനസില്ലെന്ന് തന്നെ കൂട്ടിക്കോളൂ...........