Tuesday, June 28, 2016

ഒരു പൈങ്കിളി കഥ....




ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി നീ
പഞ്ചാര വാക്ക് ചൊല്ലി എന്നെ
തഞ്ചത്തില്‍ മയക്കിടാതെ

അച്ഛനില്ലാത്ത കുഞ്ഞല്ലേ
അമ്മയുടെ വാത്സല്യ നിധിയല്ലേ
ബേഡ് പാരഡൈസിലെ മുത്തല്ലേ
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
കള്ള നോട്ടം എറിഞ്ഞെന്നെ വലച്ചിടാതെ

അമ്മക്ക് തണലായി തീര്‍ന്നിടേണം
ബലമുള്ള കൂട് മെനഞ്ചിടേണം
മയിലമ്മ തന്‍ സ്കൂളില്‍ ചേര്‍ന്നിടേണം
പഠിക്കാത്ത പാഠങ്ങള്‍ പഠിച്ചിടേണം
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
മിഴിമുന കൊണ്ടെന്നെ തളച്ചിടാതെ

അകലേക്ക്‌പറന്ന് നീ പോകിടാതെ
പാഠങ്ങള്‍ ചൊല്ലി പഠിച്ചിടേണം
കഴുക ദൃഷ്ടിയെ സൂക്ഷിച്ചിടേണം
ഈ ലോകം നന്നല്ല പോന്നു മോളെ

പാറി പറന്നവള്‍ അവനോടൊപ്പം
അവളെ പുകഴ്ത്തിയവന്‍ പാടി
എന്‍റെ എല്ലാമെല്ലാമല്ലേ,എന്‍റെ
ചേലൊത്ത പൈങ്കിളി പെണ്ണല്ലേ
എല്ലാം മറന്നവള്‍,പൊങ്ങി പറന്ന്
അവന്‍റെ ഹൈ വോള്‍ട്ട് വലയില്‍
പിടഞ്ഞു വീണു

അവന്‍റെ ആഘോഷത്തിനിടയില്‍
അവളുടെ കരച്ചില്‍ നേര്‍ത്ത് 
നേര്‍ത്ത്‌ ഇല്ലാതായി
അങ്ങ് അകലെ മകള്‍ക്ക് ധാന്യങ്ങള്‍
കൊത്തിപ്പെറുക്കുന്ന തിരക്കിലായിരുന്നു
പാവം ആ അമ്മക്കിളി.............





Thursday, June 9, 2016

രോദനം...



മൂക്കില്‍ പഞ്ഞിവെച്ച് 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ചന്ദനത്തിരി കത്തിക്കുന്നത്

ചെവി കേള്‍ക്കാതെ 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍  
രാമനാമം ചൊല്ലുന്നത്

ജീവനറ്റ എനിക്ക് വേണ്ടി 
എന്തിനാണ് നിങ്ങള്‍
ധാന്യങ്ങളും വെള്ളവും
 പൂവും നല്‍കുന്നത്

ജീവിച്ചിരുന്നപ്പോ നിന്ദിച്ച 
നാവ് കൊണ്ട് എന്തിനാണ്
നിങ്ങള്‍ ജീവന്‍ നിലച്ചപ്പോ 
സ്തുതി പാടുന്നത്

 ജീവിച്ചിരുന്നപ്പോ എനിക്ക് വേണ്ടി 
കണ്ണീര്‍ പൊഴിക്കാത്ത
നിങ്ങള്‍ എന്തിനാണ്  ശ്വാസം 
നിലച്ചപ്പോ കണ്ണീര്‍ തൂവുന്നത്

മരണത്തിന് മുന്നേയൊന്നടുത്തിരിക്കാന്‍ 
സമയമില്ലാതിരുന്ന നിങ്ങളെന്തിനാണ് 
ചലനമറ്റ എന്നരുകിലിരിക്കുന്നത് 

എന്നെ പുല്‍കിയെങ്കിലെന്ന് 
ഞാന്‍ ആഗ്രഹിച്ചിരുന്ന 
നിന്റെ കൈകള്‍ എന്തിനാണ് 
ഈ മരവിച്ച ശരീരത്തെ തലോടുന്നത്

ജീവിച്ചിരുന്നപ്പോ എന്നിലെ 
നന്മ കാണാതെ വെറുത്തിരുന്ന
നിങ്ങള്‍ എന്തിനാണ്  ഈ മരിച്ച 
ദേഹത്തെ സ്നേഹിക്കുന്നത്

അന്ധകാരത്തിലേക്ക് 
ആണ്ട് പോകുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ദീപം തെളിയിക്കുന്നത്

ജീവിച്ചിരുന്നപ്പോ 
കാണാനാഗ്രഹിച്ചിരുന്ന ദൃശ്യങ്ങള്‍
നിങ്ങളിന്നീ  ശവത്തെ 
കാണിച്ചിട്ടെന്ത്‌ കാര്യം

ഇത് ഒരു ശവത്തിന്റെ രോദനം
ഒരിക്കല്‍ ശവമാകുന്ന എന്റെയും..........