Wednesday, May 25, 2016

യാത്ര...



ഒരു യാത്ര പോണം, മനസ്സിനോടൊപ്പം
ആ പഴയ ബാല്യത്തിലേക്ക്
അമ്മയുടെ മടിയിലെ കുഞ്ഞു പൈതലായ്‌
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന്
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്
അച്ഛന്റെ കൈ പിടിച്ച് നടന്ന് കൊഞ്ചി ചിണുങ്ങി
ആ സ്നേഹം ആവോളം ആസ്വദിക്കണം
മോളെന്നുള്ള അച്ഛന്റെ വാത്സല്യത്തോടുള്ള
ആ വിളി കാതില്‍ തേന്മഴയായി നിറയണം

തൊടിയിലെ ചെടികളോട് കുശലം പറഞ്ഞ്
ഒരു ശലഭത്തെ പോല്‍ പാറി നടക്കണം
കൂട്ടുകാരോടൊത്ത് മണ്ണപ്പം ചുട്ട് കളിക്കണം
മണ്ണില്‍ കളിക്കാതെന്നുള്ള അമ്മയുടെ വാത്സല്യ
ശകാരം കേട്ട് മുഖം വീര്‍പ്പിച്ചിരിക്കണം
അമ്മയുടെ സ്നേഹത്തോടെയുള്ള  തലോടല്‍
സാന്ത്വനമായി നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കണം

കുസൃതി കാണിച്ച് ഏട്ടന്മാരോട് അടി കൂടണം
അവരുടെ ശകാരം ആസ്വദിച്ച് അമ്മയുടെ
സാരി തുമ്പില്‍ ഒളിച്ച്, അമ്മയുടെ കയ്യില്‍
നിന്ന് അവര്‍ക്ക് വഴക്ക് വാങ്ങി കൊടുക്കണം
അത്  കണ്ട് കൈ കൊട്ടി ചിരിക്കണം
ഉത്സവത്തിന് കൈ നിറയെ നിറമുള്ള
കുപ്പിവളകള്‍ വാങ്ങി അണിഞ്ഞ്
അവരെ കിലുക്കി ചിരിപ്പിച്ച്
ആ ചിരിക്കൊപ്പം പൊട്ടിച്ചിരിക്കണം

അച്ഛന്റെ വാത്സല്യവും,അമ്മയുടെ സ്നേഹവും
ഏട്ടന്മാരുടെ സംരക്ഷണവും  അമൃതായ്
എന്നില്‍ പൊഴിയണം
വര്‍ണ്ണാഭമായ യാത്രക്കൊടുവില്‍ എത്തിയത്
ആകാശത്തുള്ള ഫ്ലാറ്റിലെ, പത്താം നിലയിലെ
 ആളൊഴിഞ്ഞ ഇരുണ്ട മുറിയിലാണ്...............






2 comments:

ajith said...

മനോസഞ്ചാരത്തിന് ഒരു പരിധിയുമില്ലല്ലോ

ശ്രീ.. said...

മനസ്സെന്ന മാന്ത്രികചെപ്പ്..വിലയേറിയ അഭിപ്രായത്തിന് നന്ദി,സന്തോഷം മാഷേ :) @ ajith...