Tuesday, June 16, 2015

വളകിലുക്കം...






എന്നെ മറന്നോ പെണ്ണേ
എന്നെ മറക്കാന്‍ നിനക്കാവുമോ 
അന്ന് എന്നെ അണിഞ്ഞിരുന്നു നിന്റെ 
കൈകളെ ഞാന്‍  മനോഹരമാക്കിയിരുന്നു 
പല വര്‍ണ്ണങ്ങളിലുള്ള എന്നെ എന്നും 
നീ കൌതുകത്തോടെ നോക്കിയിരുന്നു 
അല്പായുസുള്ള എനിക്ക്നിന്റെ
മുറിക്കുള്ളിലും,നിന്റെ മനസ്സിനുള്ളിലും 
ഒരു സ്ഥാനം തന്നിരുന്നു നീ
നിന്‍റെ മുറിക്കുള്ളില്‍ എനിക്കായി ഒരുക്കിയ 
പ്രത്യേക സ്ഥാനത്ത്, ശ്രെദ്ധയോടെ നീ 
എന്നെ സൂക്ഷിച്ചിരുന്നു
ഒരു പിഞ്ചു പൈതലിനെ പോലെ 
നീ എന്നെ സംരക്ഷിച്ചിരുന്നു.....

നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം ഞാനും 
കിലുങ്ങി ചിരിച്ചിരുന്നു 
അശുഭമായി കണ്ടെന്നെ തച്ചുടച്ചപ്പോഴും 
അല്പായുസെന്ന കാരണത്താല്‍ എന്നെ 
തള്ളിപറഞ്ഞപ്പോഴും നീ മാത്രം എന്നെ 
നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു 
ശാര്‍ക്കര ഉത്സവ നാളില്‍, കുപ്പിവള 
കടക്കുള്ളിലിരുന്ന എന്നെ, കൊതിയോടെ 
നോക്കിയിരുന്ന നിന്റെ കരിമഷിയിട്ട 
കണ്ണുകളെ ഞാനിന്നും ഓര്‍ക്കുന്നു
അമ്മയോട് ചിണുങ്ങി, എന്നെയും 
സ്വന്തമാക്കിയെ നീ വീട്ടിലേക്ക്
മടങ്ങാറുള്ളായിരുന്നു ........

പട്ട് പാവാടയും, ബ്ലൌസും ധരിച്ച്
മുടിയില്‍ മുല്ല പൂവും ചൂടി 
പല വര്‍ണ്ണങ്ങളിലുള്ള എന്നെയും 
കൈയില്‍ അണിഞ്ഞ്, സന്തോഷത്തോടെ 
പൊട്ടിച്ചിരിച്ച് നടന്നിരുന്ന നിന്നെ 
കാണാന്‍ ഞാന്‍ ഇന്നും കൊതിക്കുന്നു 
നീ വീണ്ടും ബാല്യത്തിലേക്ക് മടങ്ങി-
വരുമെന്നും, എന്നെ നെഞ്ചോട്‌ ചേര്‍ത്ത്-
പിടിക്കുമെന്നും, നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം
എനിക്ക് വീണ്ടും കിലുങ്ങി ചിരിക്കണമെന്ന 
ആഗ്രഹവും മനസ്സില്‍ പേറി നിനക്കായി 
ഞാന്‍ ഇന്നും കാത്തിരിക്കുന്നു..........