Sunday, May 3, 2015

ദേശാടനകിളി കരയാറില്ല....



തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പ്രാവശ്യത്തെ ഷിഫ്റ്റിംഗ്. നമ്മള്‍ പ്രാവസികള്‍ക്ക്, ഇതൊരു പുത്തരിയൊന്നുമല്ല. മാന്ത്രികന്‍മാര്‍ പറയുന്നത് പോലെ  കൂട് വിട്ട് കൂട്  മാറ്റം മാത്രം.  ഓരോ വീട് ഉപേക്ഷിച്ച്, പുതിയ സ്ഥലം തേടുമ്പോഴും, ഒരു ദിവസമാണ് അവിടെ താമസിച്ചതെങ്കിലും, ആ വീടുകള്‍ നമ്മുടെ സ്വന്തം അല്ലെങ്കിലും, അവയോടൊരു മമത എന്നും ഉണ്ടാവും. ദേശാടനപക്ഷികള്‍ക്ക്, ഇതൊന്നും ബാധകമല്ല. വികാര ജീവികളായ മനുഷ്യര്‍ക്ക്, ഓരോ പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെയും, ആ ചുറ്റുപാടും മറക്കുക പ്രയാസം തന്നെയാണ്. എട്ടാമത്തെ നിലയില്‍ നിന്ന് പത്താം നിലയിലേക്കുള്ള പ്രൊമോഷന്‍. അയലത്ത് കൂട്ടിന് അറബി ഫാമിലികളും. പഴയ സ്ഥലത്തുണ്ടായിരുന്ന സിഗററ്റ് മണം ഒഴിവായി കിട്ടി. എതിര്‍വശത്തെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് സിഗററ്റ് പുകച്ച് രസിക്കുന്ന സ്ത്രീ  സ്ഥിരം കാഴ്ചയായി. രാവിലെ എന്നും കണ്ടിരുന്ന എന്റെ കുഞ്ഞിപൂവിന്റെ ചിരിക്കുന്ന ആ മുഖം ഇനി ഒരിക്കലും  കാണാന്‍ പറ്റില്ലെന്ന സങ്കടം. രാവിലെ ആ നിഷ്കളങ്കമായ പുഞ്ചിരി കാണുന്നത് മനസ്സിന് ഒരു സന്തോഷം ആയിരുന്നു.

അടുക്കള വരാന്തയില്‍ അരികൊത്തി പെറുക്കാന്‍  വരുന്ന കിളികള്‍ തന്നെയാണ് ഇവിടെയും എന്റെ കൂട്ടുകാര്‍, മോളു പറയാറുണ്ട്, അമ്മയുടെ കളി കൂട്ടുകാര്‍ ഇവിടെയും വന്നല്ലോന്ന്. നാട്ടില്‍, ഈ കിളികളെ കണ്ടാല്‍ നമ്മള്‍ ഇവരെ ശ്രദ്ധിക്കാറുണ്ടോ. ഈ പ്രവാസത്തില്‍ നാട്ടിന്റെ ഓര്‍മ്മ ഉളവാക്കുന്ന എന്തും നമുക്ക് പ്രിയപ്പെട്ടതാണ്. ഓരോ പ്രാവശ്യം ഷിഫ്റ്റ്‌ ചെയ്യുമ്പോഴും കരുതും, ഇനി ഇവിടെ നിന്ന് വേറൊരു മാറ്റം ഇല്ല. നേരെ നാട്ടിലേക്ക് തന്നെയെന്ന്. ഈ പ്രാവശ്യവും അങ്ങനെതന്നെയാണ് ആഗ്രഹം. ഈ ജീവിത യാത്രയില്‍ കണ്ടുമുട്ടിയ പലമുഖങ്ങളെയും മറക്കുക്ക പ്രയാസം തന്നെയാണ്. ഒരു പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെ മറക്കാന്‍ എളുതാമോ, എന്ന കവിയുടെ ചോദ്യം എത്ര ശരിയാണ്. കുറച്ച് നാളുകളെ ആ അടുപ്പം ഉള്ളുവെങ്കിലും, നമ്മുടെ ബന്ധുക്കളെ പിരിഞ്ഞ് വരുന്ന അതെ സങ്കടം തന്നെയാണ് ആ സുമനസ്സുകളോട് യാത്ര ചൊല്ലാനും. തുടരെ തുടരെയുള്ള വിടപറച്ചില്‍, മനസ്സ്  അതിനായി പാകപ്പെട്ട് കഴിഞ്ഞുവെന്ന് വേണം പറയാന്‍, ഇപ്പോ ദേശാടനകിളി കരയാറില്ല...........