Thursday, December 31, 2015

Happy New Year.....





കഴിഞ്ഞ് പോയ നല്ലതും, ചീത്തയുമായ ദിനരാത്രങ്ങള്‍ക്ക് വിട പറഞ്ഞ് കൊണ്ട് നന്മയുടെയും, സ്നേഹത്തിന്‍റെയും, സാഹോദര്യത്തിന്റെയും ഒരു പുതു വര്‍ഷം കൂടി  വരവായി. ഇനി  വരാന്‍ പോകുന്ന  ദിനങ്ങള്‍ സന്തോഷവും, സമാധാനവും നിറഞ്ഞതാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.പുതിയ പ്രതീക്ഷകളും, പുത്തനുണര്‍വുമായി ഈ പുതുവര്‍ഷത്തെ നമുക്ക് വരവേല്‍ക്കാം.എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍........

Saturday, December 19, 2015

പ്രവാസി....




ഞാനൊരു പ്രവാസി  അല്ല     
പ്രാരാബ്ദങ്ങള്‍ എന്നെ പ്രവാസിയാക്കി 
ഭാര്യയുടെ കെട്ടുതാലി വിറ്റ് സ്വപ്നങ്ങള്‍ക്ക് 
നിറമേകാന്‍ ഞാനൊരു പ്രവാസിയായി 
നാടും, വീടും ഉപേക്ഷിച്ച്, ഏഴാം കടലും കടന്ന് 
ഞാനൊരു പ്രവാസിയായി 
നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി 
കടമ നിറവേറ്റാന്‍ ഞാനൊരു പ്രവാസിയായി 

ഇന്ന് ലേബര്‍ ക്യാമ്പിലെ കുടുസ മുറിയിലെ 
അഞ്ചാമത്തെ നിലയിലാണ് എന്‍റെ താമസം 
കൂട്ടിന് കുറേ മൂട്ടകളും 
സുര്യോദയം മുതല്‍ അസ്തമയം വരെ 
മേല്‍ക്കൂരയില്ലാത്ത ആകാശത്തിന്‌ താഴെ 
ആണെന്റെ ജോലി 
കുബൂസും തൈരും എന്‍റെ ഇഷ്ട ആഹാരങ്ങള്‍ 
മാസം തോറും നാട്ടിലേക്ക് അയക്കുന്ന രൂപയുടെ 
രസീതുകള്‍ എന്‍റെ സമ്പാദ്യം 
പുതിയ സ്വപ്‌നങ്ങള്‍ കാണാന്‍ എനിക്ക് സമയമില്ല 
കണ്ട  സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനാണെന്റെ ഓട്ടം
ഉറക്കമില്ലാത്ത രാവുകള്‍ എനിക്കേകി ഈ പ്രവാസം 

അവധിക്ക് നാട്ടിലെത്തിയാല്‍ പെട്ടി നിറയെ 
കാശുമായി വന്ന ഷെയിക്കാണ് ഞാനെന്നാണ് 
വീട്ടുകാരുടെയും, ബന്ധുക്കളുടെയും ധാരണ 
ആദ്യ ദിനങ്ങള്‍ സ്നേഹം കൊണ്ട് പൊതിയും 
അമാന്തിച്ചാല്‍ പോകാറായില്ലേയെന്ന ചോദ്യം 
ചുറ്റിനും..
സങ്കടം ഉള്ളിലൊതുക്കി വെളുക്കെ ചിരിച്ച്
അവര്‍ പറയുന്ന വേഷങ്ങള്‍ കെട്ടിയാടി 
വെറും കൈയോടെ, കണ്ണിലുരുണ്ട് കൂടിയ 
മിഴിനീര്‍ തുള്ളികളെ മറയ്ക്കാന്‍ ശ്രമിച്ച്
യാത്രാമൊഴി ചൊല്ലുമ്പോള്‍ മനസ്സ് മന്ത്രിക്കുന്നത് 
ഇത്ര മാത്രം-ഒരു  നാള്‍ കടമ നിറവേറ്റി മടങ്ങും 
ഞാനെന്‍റെ നാട്ടിലേക്ക്, അവിടെ എനിക്കായി 
കാത്തിരിപ്പുണ്ട്‌, ആറടി മണ്ണ്

എങ്കിലും ഈ  പ്രവാസ ജീവിതത്തിനോട് 
എനിക്ക് വെറുപ്പില്ല
അധിക സൌഭാഗ്യങ്ങള്‍ എനിക്കേകിയില്ലെങ്കിലും 
എന്‍റെ പ്രാരാബ്ദങ്ങള്‍ അകറ്റിയ ഈ പ്രവാസത്തിന്
നന്ദി..........








Monday, November 30, 2015

യു എ ഇ ദിനാശംസകള്‍....





യു എ ഇ യില്‍  എത്തിയിട്ട് പതിനഞ്ച് വര്‍ഷത്തില്‍  കൂടുതലാകുന്നു. എന്നാലും ഓരോ  നിമിഷവും, നാട്ടില്‍  തിരിച്ച് പോണമെന്ന ആഗ്രഹം തന്നെയാണ് മനസ്സില്‍. അത് ഈ  നാട്ടിനോടുള്ള  വെറുപ്പ്‌ കൊണ്ടല്ല, നമ്മളെ സ്നേഹിക്കുന്നവരെല്ലാരും ഉള്ള  നമ്മുടെ  നാടിനോടുള്ള  ഇഷ്ട കൂടുതല്‍ കൊണ്ട് തന്നെയാണ്. നമ്മുടെ നാട് പെറ്റമ്മയാണെങ്കില്‍, പ്രവാസികളുടെ പോറ്റമ്മയാണ് ഇവിടം. ഈ പതിനഞ്ച് വര്‍ഷത്തിനിടയില്‍ ഇവിടത്തെ പല എമിറെറ്റ്സിലും താമസിക്കാന്‍ അവസരം കിട്ടിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്ന സുരക്ഷിതത്വം, അത് നമ്മുടെ നാട്ടില്‍ ഒരിക്കലും കിട്ടില്ല. അതിന് ഇവിടത്തെ ഭരണാധികാരികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല. നമുക്കും, കുടുംബത്തിനും അന്നം തരുന്ന രാജ്യത്തെയും നമ്മള്‍ തീര്‍ച്ചയായും സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യണം. നാല്പത്തി നാലാമത് ദേശീയ ദിനം ആഘോഷിക്കുന്ന യു എ ഇ ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നമുക്കും ഈ ആഘോഷത്തില്‍ പങ്ക് ചേരാം.......


Thursday, October 15, 2015

നന്ദി..നന്ദി..നന്ദി......



എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, മൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. മനസ്സില്‍ തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത്, ബ്ലോഗ്ഗിന്റെ തുടക്കം മുതല്‍, ഞാന്‍ കുറിക്കുന്ന എല്ലാ പോസ്റ്റുകള്‍ക്കും അഭിപ്രായങ്ങള്‍ തന്ന് വീണ്ടും എഴുതാന്‍ പ്രോത്സാഹിപ്പിക്കുന്ന അജിത്‌ മാഷിനാണ്. മാഷിന്റെ കമന്റ്സ് അതാണ്‌, ബ്ലോഗിന്റെ ഉണര്‍വ്. അജിത്   മാഷിന് എന്‍റെ ഹൃദയത്തിന്റെ  ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.........


Monday, October 5, 2015

സൌഹൃദങ്ങള്‍.....

റോഡിനിരുവശവും നടന്നകലുന്ന നാട്ടുകാരെയും, കടകളിലുമൊക്കെ വായിനോക്കിയാ നാട്ടിലെത്തിയാല്‍ നടപ്പ്. അതൊരു  സന്തോഷമാണ്, ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോകുന്ന  ചിര പരിചിതരെ പലരെയും കാണാം. കടയിലിരിക്കുന്ന ചില്ല് പെട്ടിയിലെ പലഹാരങ്ങളും, മിഠായികളും  ഇപ്പോഴും ഒരു വീക്ക്നെസ്സ് തന്നെയാണ്.

"ശ്രീ..ശ്രീ" പുറകില്‍ നിന്ന് ആരോ വിളിക്കുന്നു. കേട്ട് പരിചയമുള്ള സ്വരം. അഞ്ചാം ക്ലാസ്സ്‌ മുതല്‍ പത്താം തരം വരെ ഒരേ ക്ലാസ്സില്‍ പഠിച്ച  എന്‍റെ കൂട്ടുകാരി. വര്‍ഷങ്ങളായി തമ്മില്‍  കണ്ടിട്ട്. സ്കൂള്‍ ജീവിതം കഴിഞ്ഞ് കണ്ടിട്ടേയില്ല.  ദൂരെ എവിടെയോ ആണ് വിവാഹം കഴിഞ്ഞ് പോയതെന്ന് അറിഞ്ഞിരുന്നു.   എന്‍റെ ശ്രീ എത്ര നാളായി  കണ്ടിട്ട്. കുഞ്ഞമ്മയുടെ വീട്ടില്‍ ഇന്ന് വന്നത് നന്നായി, ശ്രീയെ കാണാന്‍ കഴിഞ്ഞല്ലോ. ആ സന്തോഷം അവളുടെ വാക്കുകളില്‍, ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. കാലം അവളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, സ്വഭാവം പഴയത് പോലെ തന്നെയാണ്. വാതോരാതെ സംസാരിച്ച് കൊണ്ടിരിക്കുന്ന പ്രകൃതം. നമ്മള്‍ അവളെ സ്നേഹത്തോടെ ആകാശവാണിയെന്നാണ് വിളിച്ചിരുന്നത്. അവള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ പറയുമായിരുന്നു. ദാ, റേഡിയോ ഓണ്‍ ആയെന്ന്. ഞാന്‍ നമ്മുടെ കൂട്ടുകാരെ ആരെയെങ്കിലും കണ്ടാല്‍  നിന്നെ കുറിച്ച് അന്യേഷിക്കാറുണ്ട്  ശ്രീ. പിന്നെ ചോദിപ്പും, പറച്ചിലുമൊക്കെ  ആയി നിമിഷങ്ങള്‍ കടന്ന് പോയി. 

ഓര്‍ക്കുന്നോ ശ്രീ നമ്മള്‍ തമ്മില്‍ ഇടക്കൊക്കെ പിണങ്ങാറുണ്ടായിരുന്നു. പക്ഷെ ആ പിണക്കങ്ങളൊന്നും ഒരു ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്‍ക്കാറില്ലായിരുന്നു. എല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട് ശ്രീ. ആ നിമിഷങ്ങള്‍ ഈ ജീവിതത്തില്‍ ഇനി  ഒരിക്കലും തിരികെ  കിട്ടില്ലാന്ന് അറിയാം, എന്നാലും കൊതിച്ചു പോകുന്നു ശ്രീ, വീണ്ടും നമ്മുടെ കൂട്ടുകാരികളോടൊപ്പം, നമ്മുടെ ആ പഴയ ക്ലാസ്സുകളില്‍ ഒരിക്കല്‍ കൂടി  പഠിക്കാന്‍. നിറമുള്ള  കുറെ ഓര്‍മ്മകള്‍ അയവിറക്കി.  ശ്രീ ഒത്തിരി നേരമായി, മക്കള്‍ വീട്ടില്‍ ഉണ്ട്, ഞാന്‍  ചെന്ന് വേണം ഉച്ചക്കത്തേക്കുള്ളത് റെഡി  ആക്കാന്‍. മീന് വാങ്ങി  മാര്‍ക്കറ്റില്‍ നിന്ന്. വീട്ടില്‍ കുറച്ച് പച്ചക്കറി കൃഷിയുണ്ടേ, വീട്ടിലെ ആവശ്യത്തിനുള്ള മലക്കറി കിട്ടും. മീനിനൊക്കെ വലിയ വിലയാ ശ്രീ. ഇത്രയും വിലകൊടുത്തു വാങ്ങിയാലും ചിലതൊന്നും വകക്ക് കൊള്ളില്ല. ഒരു ഉത്തരവാദിത്തമുള്ള വീട്ടമ്മയുടെ ആവലാതിയും പങ്ക് വെയ്ക്കാന്‍ അവള്‍ മറന്നില്ല. കണ്ടതില്‍ ഒത്തിരി  സന്തോഷം  ശ്രീ. എന്നെങ്കിലും, വീണ്ടും ഇത് പോലെ കാണാമെന്ന് പറഞ്ഞ് അവള്‍ യാത്ര പറഞ്ഞു. കണ്ണിലുരുണ്ട് കൂടിയ നീര്‍ത്തുള്ളികളെ മറയ്ക്കാന്‍  ശ്രമിച്ച്, അവള്‍  നടന്നകലുന്നതും നോക്കി, കുറച്ച് നേരം  നില്‍ക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. 

ഒരിക്കലും മറക്കരുതെന്നാഗ്രഹിക്കുന്ന ഇണക്കങ്ങളും, പിണക്കങ്ങളും നിറഞ്ഞ ഓര്‍മ്മയിലെ നല്ല കൂട്ടുകാര്‍. നല്ല സൌഹൃദങ്ങള്‍ക്ക് നിരന്തരമുള്ള കൂടികാഴ്ചകളോ, സംഭാഷണങ്ങളോ ആവശ്യമില്ല. ആത്മാര്‍ത്ഥ സൌഹൃദങ്ങള്‍ എന്നും നില നില്‍ക്കുക തന്നെ ചെയ്യും...........

Wednesday, September 9, 2015

സ്നേഹം....





അറിയാതെ വന്നെന്‍ നെറുകില്‍ തഴുകി നീ 
കനിവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
ആലില താലിചാര്‍ത്തി, കരം ഗ്രഹിച്ചു നീ 
കനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഒന്നാണെന്ന് ചൊല്ലി നീ 
നിനവാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
മെയ്യോട് ചേര്‍ത്ത് ഗാഢം പുണര്‍ന്ന് നീ 
ചൂടാര്‍ന്ന സ്നേഹം പകര്‍ന്ന് നല്‍കി 
നീയും, ഞാനും ഇണകുരുവികളെന്ന്
ചൊല്ലി നീ യഥാര്‍ത്ഥ സ്നേഹം 
പകര്‍ന്ന് നല്‍കി....

നീ അച്ഛനും, ഞാന്‍ അമ്മയുമായപ്പോള്‍ 
നീ ഉദാത്ത സ്നേഹം പകര്‍ന്ന് നല്‍കി 
വാര്‍ദ്ധക്യത്തില്‍ താങ്ങായി നിന്ന് നീ 
ആത്മാര്‍ത്ഥ സ്നേഹം പകര്‍ന്ന് നല്‍കി 
മനസ്സില്‍ നിറയുന്ന മലരാണ് സ്നേഹം 
സ്നേഹിക്കാന്‍ വേണ്ടത് മനസ്സും.....

Thursday, August 27, 2015

ഓണാശംസകള്‍.....

എല്ലാ കൂട്ടുകാര്‍ക്കും സര്‍വ്വൈശ്വര്യവും, സന്തോഷവും, സമാധാനവും സമ്പല്‍സമൃദ്ധിയും നിറഞ്ഞ  ഓണാശംസകള്‍ നേരുന്നു...............................................




Sunday, August 2, 2015

മണ്ണിന്റെ ഗന്ധമുള്ള ഈ വഴികളിലൂടെ നിന്നോടൊപ്പം നടക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു. മേഘശകലങ്ങളിൽ നിന്ന് അടർന്ന് വീണ ഒരോ തുള്ളി ജല കണികകളെയും നെഞ്ചിലേക്ക് ഏറ്റ് വാങ്ങി ഭൂമി ദേവി ഇന്ന് സന്തോഷവതിയാണ്. വരണ്ട് കീറിയ ഭൂമി ദേവിയുടെ നെഞ്ചിൽ നിന്നുതിരുന്ന താളം തെറ്റിയ ഹൃദയ സ്പന്ദനത്തെക്കാള്‍ നിനക്കിഷ്ടം  ഇൗ സന്തോഷം തന്നെ ആയിരുന്നില്ലെ. ഒാരോ യാത്രയിലും എന്റെ കണ്ണുകള്‍ തേടിയത് നിന്നെ ആയിരുന്നു.......

Tuesday, June 16, 2015

വളകിലുക്കം...






എന്നെ മറന്നോ പെണ്ണേ
എന്നെ മറക്കാന്‍ നിനക്കാവുമോ 
അന്ന് എന്നെ അണിഞ്ഞിരുന്നു നിന്റെ 
കൈകളെ ഞാന്‍  മനോഹരമാക്കിയിരുന്നു 
പല വര്‍ണ്ണങ്ങളിലുള്ള എന്നെ എന്നും 
നീ കൌതുകത്തോടെ നോക്കിയിരുന്നു 
അല്പായുസുള്ള എനിക്ക്നിന്റെ
മുറിക്കുള്ളിലും,നിന്റെ മനസ്സിനുള്ളിലും 
ഒരു സ്ഥാനം തന്നിരുന്നു നീ
നിന്‍റെ മുറിക്കുള്ളില്‍ എനിക്കായി ഒരുക്കിയ 
പ്രത്യേക സ്ഥാനത്ത്, ശ്രെദ്ധയോടെ നീ 
എന്നെ സൂക്ഷിച്ചിരുന്നു
ഒരു പിഞ്ചു പൈതലിനെ പോലെ 
നീ എന്നെ സംരക്ഷിച്ചിരുന്നു.....

നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം ഞാനും 
കിലുങ്ങി ചിരിച്ചിരുന്നു 
അശുഭമായി കണ്ടെന്നെ തച്ചുടച്ചപ്പോഴും 
അല്പായുസെന്ന കാരണത്താല്‍ എന്നെ 
തള്ളിപറഞ്ഞപ്പോഴും നീ മാത്രം എന്നെ 
നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു 
ശാര്‍ക്കര ഉത്സവ നാളില്‍, കുപ്പിവള 
കടക്കുള്ളിലിരുന്ന എന്നെ, കൊതിയോടെ 
നോക്കിയിരുന്ന നിന്റെ കരിമഷിയിട്ട 
കണ്ണുകളെ ഞാനിന്നും ഓര്‍ക്കുന്നു
അമ്മയോട് ചിണുങ്ങി, എന്നെയും 
സ്വന്തമാക്കിയെ നീ വീട്ടിലേക്ക്
മടങ്ങാറുള്ളായിരുന്നു ........

പട്ട് പാവാടയും, ബ്ലൌസും ധരിച്ച്
മുടിയില്‍ മുല്ല പൂവും ചൂടി 
പല വര്‍ണ്ണങ്ങളിലുള്ള എന്നെയും 
കൈയില്‍ അണിഞ്ഞ്, സന്തോഷത്തോടെ 
പൊട്ടിച്ചിരിച്ച് നടന്നിരുന്ന നിന്നെ 
കാണാന്‍ ഞാന്‍ ഇന്നും കൊതിക്കുന്നു 
നീ വീണ്ടും ബാല്യത്തിലേക്ക് മടങ്ങി-
വരുമെന്നും, എന്നെ നെഞ്ചോട്‌ ചേര്‍ത്ത്-
പിടിക്കുമെന്നും, നിന്‍റെ പൊട്ടിച്ചിരിക്കൊപ്പം
എനിക്ക് വീണ്ടും കിലുങ്ങി ചിരിക്കണമെന്ന 
ആഗ്രഹവും മനസ്സില്‍ പേറി നിനക്കായി 
ഞാന്‍ ഇന്നും കാത്തിരിക്കുന്നു..........



Sunday, May 3, 2015

ദേശാടനകിളി കരയാറില്ല....



തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ പ്രാവശ്യത്തെ ഷിഫ്റ്റിംഗ്. നമ്മള്‍ പ്രാവസികള്‍ക്ക്, ഇതൊരു പുത്തരിയൊന്നുമല്ല. മാന്ത്രികന്‍മാര്‍ പറയുന്നത് പോലെ  കൂട് വിട്ട് കൂട്  മാറ്റം മാത്രം.  ഓരോ വീട് ഉപേക്ഷിച്ച്, പുതിയ സ്ഥലം തേടുമ്പോഴും, ഒരു ദിവസമാണ് അവിടെ താമസിച്ചതെങ്കിലും, ആ വീടുകള്‍ നമ്മുടെ സ്വന്തം അല്ലെങ്കിലും, അവയോടൊരു മമത എന്നും ഉണ്ടാവും. ദേശാടനപക്ഷികള്‍ക്ക്, ഇതൊന്നും ബാധകമല്ല. വികാര ജീവികളായ മനുഷ്യര്‍ക്ക്, ഓരോ പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെയും, ആ ചുറ്റുപാടും മറക്കുക പ്രയാസം തന്നെയാണ്. എട്ടാമത്തെ നിലയില്‍ നിന്ന് പത്താം നിലയിലേക്കുള്ള പ്രൊമോഷന്‍. അയലത്ത് കൂട്ടിന് അറബി ഫാമിലികളും. പഴയ സ്ഥലത്തുണ്ടായിരുന്ന സിഗററ്റ് മണം ഒഴിവായി കിട്ടി. എതിര്‍വശത്തെ ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് സിഗററ്റ് പുകച്ച് രസിക്കുന്ന സ്ത്രീ  സ്ഥിരം കാഴ്ചയായി. രാവിലെ എന്നും കണ്ടിരുന്ന എന്റെ കുഞ്ഞിപൂവിന്റെ ചിരിക്കുന്ന ആ മുഖം ഇനി ഒരിക്കലും  കാണാന്‍ പറ്റില്ലെന്ന സങ്കടം. രാവിലെ ആ നിഷ്കളങ്കമായ പുഞ്ചിരി കാണുന്നത് മനസ്സിന് ഒരു സന്തോഷം ആയിരുന്നു.

അടുക്കള വരാന്തയില്‍ അരികൊത്തി പെറുക്കാന്‍  വരുന്ന കിളികള്‍ തന്നെയാണ് ഇവിടെയും എന്റെ കൂട്ടുകാര്‍, മോളു പറയാറുണ്ട്, അമ്മയുടെ കളി കൂട്ടുകാര്‍ ഇവിടെയും വന്നല്ലോന്ന്. നാട്ടില്‍, ഈ കിളികളെ കണ്ടാല്‍ നമ്മള്‍ ഇവരെ ശ്രദ്ധിക്കാറുണ്ടോ. ഈ പ്രവാസത്തില്‍ നാട്ടിന്റെ ഓര്‍മ്മ ഉളവാക്കുന്ന എന്തും നമുക്ക് പ്രിയപ്പെട്ടതാണ്. ഓരോ പ്രാവശ്യം ഷിഫ്റ്റ്‌ ചെയ്യുമ്പോഴും കരുതും, ഇനി ഇവിടെ നിന്ന് വേറൊരു മാറ്റം ഇല്ല. നേരെ നാട്ടിലേക്ക് തന്നെയെന്ന്. ഈ പ്രാവശ്യവും അങ്ങനെതന്നെയാണ് ആഗ്രഹം. ഈ ജീവിത യാത്രയില്‍ കണ്ടുമുട്ടിയ പലമുഖങ്ങളെയും മറക്കുക്ക പ്രയാസം തന്നെയാണ്. ഒരു പ്രാവശ്യം കണ്ട് മുട്ടിയ  മുഖങ്ങളെ മറക്കാന്‍ എളുതാമോ, എന്ന കവിയുടെ ചോദ്യം എത്ര ശരിയാണ്. കുറച്ച് നാളുകളെ ആ അടുപ്പം ഉള്ളുവെങ്കിലും, നമ്മുടെ ബന്ധുക്കളെ പിരിഞ്ഞ് വരുന്ന അതെ സങ്കടം തന്നെയാണ് ആ സുമനസ്സുകളോട് യാത്ര ചൊല്ലാനും. തുടരെ തുടരെയുള്ള വിടപറച്ചില്‍, മനസ്സ്  അതിനായി പാകപ്പെട്ട് കഴിഞ്ഞുവെന്ന് വേണം പറയാന്‍, ഇപ്പോ ദേശാടനകിളി കരയാറില്ല...........

Tuesday, April 21, 2015

ശ്രീ കോവില്‍.....






ഞാനറിയാതെന്‍റെ  മാനസ  ശ്രീകോവിലില്‍ 
വന്ന്  അണഞ്ഞൊരു  നിറ ദീപമേ... 

നിന്‍ മുന്നില്‍ കൈകൂപ്പി നിന്നിടുമ്പോള്‍ 
എല്ലാം മറന്ന് ഞാന്‍ ധന്യയായി... 

നിന്‍ പ്രസാദം നെറുകയില്‍ ചാര്‍ത്തി 
സാന്ത്വനത്തോടെ എന്നെ നീ മെയ്യോട്
ചേര്‍ത്ത് നിര്‍ത്തി... 

നിന്നെ മാത്രം നിനച്ച്,നിന്‍ നാമങ്ങള്‍- 
ഉരുവിട്ട് തിരുനടയില്‍ നിന്നിടുമ്പോള്‍ 
പുറകില്‍ വന്ന് കണ്ണ് പൊത്തിപ്പിടിച്ച്
എന്‍ കാതില്‍ ചൊല്ലിയ കിന്നാരങ്ങള്‍ 
നീ മറന്ന് പോയോ...

മുരളിയില്‍ നീ എനിക്കായി തീര്‍ത്ത 
ഗാന പ്രപഞ്ചത്തില്‍, നാം ഒന്നായി 
അലിഞ്ഞു  ചേര്‍ന്നു...

പ്രദക്ഷിണം കഴിഞ്ഞ് തിരുമുന്നില്‍ 
അണഞ്ഞ നേരം,  കൊട്ടിയടച്ച നിന്‍- 
വാതില്‍ക്കല്‍ നിന്ന്  ഞാന്‍ പൊട്ടി-
കരഞ്ഞപ്പോള്‍  ഒരു മാത്ര മിണ്ടാതെ 
നിന്നതെന്തേ നീ.........

Tuesday, April 14, 2015

ഓര്‍മ്മയിലെ വിഷു.....






അച്ഛന്‍ നല്‍കിയ വിഷു കൈനീട്ടം 
ഇന്നും ഓര്‍മ്മയില്‍ തെളിയുന്നു 
ആ നാണയ തുട്ടുകളില്‍ അച്ഛന്റെ
വാത്സല്യം നിറഞ്ഞിരുന്നു 
ഉറക്കച്ചടവില്‍ കണ്ണ് പൊത്തിപ്പിടിച്ച്
അമ്മ വിഷുക്കണി കാണിച്ചത് ഇന്നും 
മായാത്ത ഓര്‍മ്മകള്‍ മാത്രം...

പുഞ്ചിരി തൂകുന്ന കണ്ണനെ കാണുമ്പോള്‍ 
അറിയാതെ കണ്ണ് തുറന്ന് പോകും 
കാളനുണ്ട്, ഓലനുണ്ട്, അട പ്രഥമനുണ്ട്, 
അമ്മയുടെ സ്നേഹം ചാലിച്ച പാല്‍-
പായസമുണ്ടന്ന്‍ വിഷു സദ്യക്ക്
കോടിയുടുത്ത്,കൂട്ടുകാരോടൊത്ത് കളിച്ച്
അച്ഛനോടൊപ്പം വിഷു സദ്യ ഉണ്ടിരുന്ന 
ആ നല്ല നാളുകള്‍ മറക്കുവതെങ്ങനെ 
കാതില്‍ കിന്നാരമോതിയിരുന്ന വിഷു-
പക്ഷിയും  പറന്നകന്നു.....
ഇന്നില്ല വിഷുക്കണിയും, വിഷു സദ്യയും 
ആ നല്ല നാളിന്റെ ഓര്‍മ്മകള്‍ മാത്രം......



Sunday, February 15, 2015


അവള്‍....

കുസൃതി പിള്ളേര്‍ അവളെ വിളിച്ചിരുന്നത് ഭ്രാന്തി  എന്നായിരുന്നു. പിള്ളേര്‍  മാത്രമല്ല, അറിവുള്ള പ്രായമായവരും അവളെ അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്‌.  അവര്‍ക്ക് അവള്‍ സുന്ദരിയായ ഭ്രാന്തിയായിരുന്നു. സാധാരണ രീതിയില്‍ ചിന്തിക്കാന്‍ കഴിയാതെ, മനസ്സിന്റെ താളം തെറ്റുമ്പോഴാണ്, നമ്മളില്‍ നിന്ന് അസാധാരണ പെരുമാറ്റങ്ങള്‍ ഉണ്ടാവുന്നത്. അങ്ങനെ ഭ്രാന്തി അല്ലെങ്കില്‍, ഭ്രാന്തന്‍ എന്ന പുതിയൊരു പേര് ജനങ്ങള്‍ ചാര്‍ത്തി തരും. 

 കയലിയും, പൂക്കളുള്ള ബ്ലൌസും,  തോളില്‍ വൃത്തിയുള്ള ഒരു തോര്‍ത്തും അതായിരുന്നു അവളുടെ വേഷം.  നീണ്ട മുടി വൃത്തിയായി കെട്ടാനും അവള്‍ മറന്നിരുന്നില്ല .സമനില തെറ്റി കഴിഞ്ഞാല്‍ അവളുടെ കൈയില്‍ ഒരു ചൂലും കാണും. ആ ചൂല് അവളുടെ ചുറ്റും കൂടുന്ന പൂവാലന്മാരെ ഓടിക്കാനാണെന്ന് പലരും കളിയാക്കി പറയാറുണ്ടായിരുന്നു. ഉയര്‍ന്ന കുടുംബത്തിലായിരുന്നു അവളുടെ ജനനം. കൂട്ടുകാരോടൊപ്പം, കളിച്ചു ചിരിച്ചു സ്കൂളില്‍ പോയിരുന്ന മിടുക്കിയായ അവളുടെ  സ്വഭാവത്തിന് വ്യത്യാസം വന്നത് പെട്ടന്നു ആയിരുന്നു. ആരോടും ഒന്നും മിണ്ടാതെ, അവള്‍ മുറിക്കുള്ളില്‍ ഒതുങ്ങി.  ആത്മഹത്യ ചെയ്യ്ത  അവളുടെ ചിറ്റയുടെ പ്രേതം കൂടിയതാണെന്ന്, കുടുംബകാരില്‍ ചിലര്‍ വിധിയെഴുതി. ചുട്ട കോഴിയെ പറപ്പിക്കാന്‍ കഴിവുള്ള മന്ത്രവാദിയെ വരുത്തി.  അയാള്‍, പ്രേതത്തെ ഒഴിപ്പിക്കാന്‍, അവളെ തലങ്ങും, വിലങ്ങും തല്ലി, രാത്രി യാമങ്ങളില്‍ അവളുടെ രോദനം , ആ വീട്ടില്‍ നിന്ന് മുഴങ്ങി കേട്ടു. പലപ്പോഴും അവള്‍ ചൂലുമായി വഴിയോരത്ത്, പിറു പിറുത്തു കൊണ്ട് നില്‍ക്കുന്നത് കാണാമായിരുന്നു. ആ ചൂല് കൊണ്ട് അവളെ ശല്യം ചെയ്യുന്ന  കുസൃതി പിള്ളേരെ വിരട്ടി ഓടിക്കാനും അവള്‍ മറന്നിരുന്നില്ല.

ആരുടെയൊക്കെയോ സമ്മര്‍ദം കാരണം, അവസാനം അവളെ ഊളന്‍ പാറയില്‍, ഭ്രാന്താലയത്തില്‍ അഡ്മിറ്റ്‌ ചെയ്യ്തു.  ഭ്രാന്തായവരെ ചങ്കലക്ക് ഇടുന്ന   ആശുപത്രിയെന്ന അറിവ്, ഈ ആശുപത്രിയെ കുറിച്ച് ഇന്ന് കേള്‍ക്കുമ്പോഴും ഒരു ഭയമാണ്. ചങ്കലയില്‍ കിടന്ന് പിടയുന്ന കുറെ ജീവനുകള്‍. ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വന്ന അവള്‍ പഴയ ആ വായാടിയായ മിടുക്കി ആയിരുന്നു. എന്നിട്ടും പൊതു ജനം അവളെ,  പഴയ ഭ്രാന്തിയായി തന്നെ  കണ്ടു. ആ ഒരു ഒറ്റപെടല്‍ വീണ്ടും അവളെ മുറിക്കുള്ളില്‍ ഒതുങ്ങാന്‍ പ്രേരിപ്പിച്ചു. അവളുടെ കല്യാണം, നടത്തിയാല്‍ രോഗം ഭേദമാകുമെന്ന മന്ത്രവാദിയുടെ പ്രവചനം, വീട്ടുകാര്‍ അതിന് മുതിര്‍ന്നു. ഉയര്‍ന്ന സ്ത്രീധനം നല്‍കി അവളുടെ വിവാഹം നടത്തി. അധികം കഴിയാതെ വീണ്ടും അവളെ വഴിയോരത്ത് കാണാന്‍ തുടങ്ങി. ഭര്‍ത്താവ് അവളെ ഉപേക്ഷിച്ചു പോയി, അവള്‍ ഗര്‍ഭിണിയാണെന്നും, അറിയാന്‍ കഴിഞ്ഞു.  ജനങ്ങള്‍ക്ക്‌ അവള്‍, ഗര്‍ഭിണിയായ ഭ്രാന്തിയായി. അവള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സമനില തെറ്റിയാല്‍ അവളുടെ കുഞ്ഞിനെ പോലും അവള്‍  ശ്രെദ്ധിക്കാറില്ലായിരുന്നു. അവസാനം വീട്ടുകാര്‍ക്കും അവള്‍ ഒരു ശല്യമായി. ആശുപത്രിയില്‍ ഒരിക്കല്‍ കൊണ്ട് പോയിട്ട്, അവര്‍ അവളെ തിരിച്ചു കൊണ്ട് വരാന്‍ വിസമ്മതിച്ചു  എന്നാണ്  പിന്നെ  അറിയാന്‍ കഴിഞ്ഞത്.

ഇന്ന് അവള്‍ ഈ ലോകത്ത് ഇല്ല. എന്നാലും  അവളുടെ ദയനീയ മുഖവും രാത്രി യാമങ്ങളിലെ  അവളുടെ രോദനവും  ഒരു നൊമ്പരമായി മനസ്സില്‍ ഉണ്ട്. എന്തായിരുന്നു അവളുടെ സമനില തെറ്റാനുള്ള കാരണം, ഇന്നും അതൊരു ദുരൂഹമാണ്. ഒരു മനുഷ്യന്‍റെ മനോനില  തെറ്റാന്‍ അധിക സമയം വേണ്ട. ആ സ്ഥിതിയിലായി കഴിഞ്ഞാല്‍ സമൂഹം അവരെ കാണുന്ന രീതി അതാണ്‌  മാറേണ്ടത്. ആരും ഭ്രാന്തനായോ, ഭ്രാന്തിയായോ ജനിക്കുന്നില്ല. ഓരോ സാഹചര്യങ്ങളാണ് അവരെ അങ്ങനെയാക്കി മാറ്റുന്നത്. അവരെ വീണ്ടും സാധരണ രീതിയില്‍  ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക അതാണ്‌ വീട്ടുകാരും, അവര്‍ക്ക് ചുറ്റുമുള്ള  സമൂഹവും  ചെയ്യേണ്ടത്. പ്രേത ബാധ യാണ് മനോനില തെറ്റാനുള്ള കാരണമെന്ന്  വിശ്വസിക്കുന്നവരും,  അതിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന മന്ത്രവാദികളും ഇപ്പോഴും ഉണ്ടെന്നുള്ളത് ദുഖകരം തന്നെയാണ്.......



Monday, January 26, 2015

എല്ലാ കൂട്ടുകാര്‍ക്കും  റിപ്പബ്ലിക് ദിനാശംസകള്‍....





സ്വാതന്ത്ര്യം തന്നെ അമൃതം,  പാരതന്ത്ര്യം മൃതിയേക്കാള്‍ ഭയാനകം. സ്വാതന്ത്ര്യത്തിന്‍ മധുരം നുകര്‍ന്ന് തന്ന മഹാത്മാക്കളെ  നമിച്ചിടുന്നു. വളരട്ടെ നമ്മുടെ ദേശാഭിമാനം, ഉയരട്ടെ  നമ്മുടെ  ത്രിവര്‍ണ്ണ പതാക വാനോളം. ജയ്ഹിന്ദ്‌.... 


Sunday, January 4, 2015

ഓര്‍മ്മ ചിന്തുകള്‍....
(പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌ സ്നേഹപൂര്‍വ്വം അച്ഛനും, അമ്മയ്ക്കും)




ആദ്യ ചുംബനം അമൃത ചുംബനം 
അമ്മ തന്ന മധുര  ചുംബനം 
ഒരു ചെറു കരച്ചിലോടെ ആറടി 
മണ്ണിന്റെ  അവകാശിയായി 
കുഞ്ഞി കവിളത്ത് അച്ഛന്‍ നല്‍കിയ 
ചുംബനം ഒരിക്കലും മറക്കാത്ത 
വാത്സല്യത്തിന്‍ സ്നേഹ ചുംബനം
അച്ഛന്‍  ചൊല്ലി ഇവളെന്റെ മുത്തെന്ന്
അമ്മ ചൊല്ലി ദൈവം തന്ന നിധിയെന്ന്
അച്ഛന്റെ പൊന്നോമനയായി 
അമ്മ തന്‍ കണ്മണിയായി 
ഏട്ടന്‍മാര്‍ക്ക് കുഞ്ഞനിയത്തിയായി... 


കാലത്തിന്‍ ഗതികൊത്ത് നീന്തി തുടിക്കവേ 
അച്ഛന്‍ തന്റെ കടമ നിറവേറ്റി 
മഞ്ഞ ചരടില്‍ ആലില  താലി ചാര്‍ത്തി 
നെറുകയില്‍ കുംകുമം ചാര്‍ത്തി 
അഗ്നി സാക്ഷിയായി, കൈപിടിച്ച് നല്‍കി 
അച്ഛന്‍  ചൊല്ലി, ഇവന്‍ നിന്‍റെ സ്വന്തമെന്ന് 
നാടും, വീടും ഉപേക്ഷിച്ച് സ്വന്തം കൂട് 
കെട്ടാന്‍ പറന്നകന്നപ്പോള്‍, അച്ഛന്റെ 
കണ്ണില്‍ നിന്നുതിര്‍ന്ന സ്നേഹത്തിന്‍ 
മുത്തു മണികളെ മറക്കുവതെങ്ങനെ 
കളി ചിരി നിറഞ്ഞിരുന്ന വീടിന്റെ കോണില്‍ 
മധുര സ്മരണകളെ  താലോലിച്ച് ഇന്ന് 
അച്ഛനും അമ്മയും മാത്രം,മക്കളുടെ 
വിളിക്കായി കാതോര്‍ത്ത്...


ഓര്‍മ്മ തന്‍ മുറ്റത്ത് ഞാനൊരു  ഊഞ്ഞാല കെട്ടി
പറവകളെ പോലെ ആകാശത്തെത്താന്‍ കൊതിച്ച്
താഴേക്ക്‌ നിലം  പൊത്തിയപ്പോള്‍, കുറെ വള- 
-പൊട്ടുകളും, ഓര്‍മ്മ ചിന്തുകളും മാത്രം ബാക്കി...